2009, മാർച്ച് 30, തിങ്കളാഴ്‌ച

ഇരിക്കൂര്‍പുഴ നേരിടുന്ന പ്രശ്നങ്ങള്‍




(സ്ക്കൂള്‍ പരിസ്ഥിതി ക്ല ബ്ബ് ഇരിക്കൂറിലെ ജലസമ്പത്തിനെക്കുറിച്ച് ഡിസമ്പര്‍ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്നും ഒരുഭാഗം.മലയാളമനോരമയുടെ ജലതരംഗം പരിപാടിയുടെ ഭാഗമായിരുന്നു പഠനം.)

ഒരു പ്രദേശത്തിന്റെ സംസ്കാരത്തിലും ജീവിതത്തിലും പുഴകള്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. ജലസമ്പത്തിന്റെയും ശുദ്ധിയുടെയും കാര്യ ത്തില്‍ ഏറെ മുന്നില്‍ നിന്നിരുന്ന നമ്മുടെ പുഴകള്‍ ഇന്ന് മനുഷ്യ നിര്‍മ്മിതമായ പലകാരണങ്ങള്‍ കൊണ്ട് നാശത്തെ നേരിടുകയാണ്. ഉല്‍ഭവസ്ഥാനത്തെ വനനശീകരണവും അമിത ജലചൂഷണവും വഴിയിലുടനീളം മാലിന്യങ്ങള്‍ വഹിക്കേണ്ടി വരുന്നതും മണല്‍വാരലും ഒക്കെ ഇതില്‍പ്പെടുന്നു. സ്വതവേ തന്നെ ഒഴുക്ക് കുറഞ്ഞ നദികള്‍ അണക്കെട്ടുകളാല്‍ ബന്ധനത്തിലാവുന്നതോടെ അതിന്റെ സ്വാഭാവിക തേജസ്സും ശക്തിയും നശിക്കുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവയൊക്കെ അത്യ ന്തികമായി മനുഷ്യനെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
പഠനത്തിന്റെ ഭാഗമായും അല്ലാതെയും നിരവധി തവണ പുഴയെ നിരീക്ഷിച്ചപ്പോള്‍ ലഭിച്ച ചിത്രം അത്രയൊന്നും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. മഴക്കാലത്ത് തീരം നിറഞ്ഞൊഴുകുന്ന പുഴ ഈ പ്രദേശത്ത് നല്ല വീതിയും ആഴവും ഉള്ളതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ താഴ്ത്തുന്നതോടെ നീരൊഴുക്ക് തീരെ കുറയുകയും എല്ലാ സ്ഥലങ്ങളിലും കാല്‍ നടയായി മറുകര കടക്കാന്‍ പറ്റുന്ന രീതിയിലാവുകയും ചെയ്യുന്നു. ഡിസംബര്‍ ജനുവരി മാസത്തോടെ കൂടുതല്‍ പരിസരവാസികള്‍ അലക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കുന്നു. മാര്‍ച്ച് മാസം തുടങ്ങി പഞ്ചായത്തിലെ ജലക്ഷാമം അനുഭവപ്പെടുന്ന ഉയര്ന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിന് വേണ്ട ജലവും പുഴയില്‍ നിന്നാണ് ശേഖരിക്കുന്നത്.
എല്ലാ പുഴകളും നേരിടുന്ന പൊതുപ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഇരിക്കൂര്‍ പ്രദേശത്തെ പുഴയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലൂടെയും പരിസരവാസികളും മറ്റുള്ളവരുമായി നടത്തിയ അഭിമുഖങ്ങളിലൂടെയും മനസ്സിലാക്കാന്‍ പറ്റിയ കാര്യങ്ങള്‍ താഴെ പറയുന്നു.




1.മണല്‍ വാരല്‍
ഒരു നദിയുടെ ആരോഗ്യ ത്തിന്റെ പ്രധാന അടിത്തറ അത് വഹിക്കുന്ന മണലിന്റെ ആഴവും പരപ്പുമാണ്. ജലത്തെ പിടിച്ചു നിര്‍ത്തി ഭൂമിയിലാഴ്ത്തുകയും വേനല്‍ക്കാലത്ത് അത് അല്‍പ്പാല്‍പ്പം വിട്ടു കൊടുക്കുകയും ചെയ്യുന്നത് ഈ മണല്‍ സ്പോഞ്ചുകളാണ്. തീരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.ഇത് പൂര്‍ണമായും തുടച്ചു നീക്കപ്പെടുന്നതോടെ പുഴയുടെ ആഴം കൂടുകയും ഉള്ള ജലം പൂര്‍ണ്ണമായും ഒഴുകിയിറങ്ങുകയും ചെയ്യുന്നു. ഇതോടൊപ്പം സമീപ കിണറുകളും വറ്റുന്നു. .മണലില്‍ വളരുന്ന നിരവധി സസ്യങ്ങളുടെ നാശവും അവയുക്കിടയില്‍ പ്രജനനം നടത്തുന്ന ജലജീവികളുടെ നാശവും സംഭവിക്കുന്നു.മഴക്കാലത്ത് മാത്രം ശക്തമായൊഴുകുന്ന പുഴ വഹിക്കുന്ന മണലിന്റെ അളവ് തുലോം കുറവാണ്.മലകളില്‍ നിന്ന് വരുന്ന മണലില്‍ ഭൂരിഭാഗവും തൊട്ടുമുകളിലുള്ള പഴശ്ശി റിസര്‍വോയറില്‍ അടിഞ്ഞു കൂടുന്നു.
പഞ്ചായത്തധികൃതര്‍ കഴിഞ്ഞ ഒരു വര്‍ഷം നാനൂറോളം ലോറികളില്‍ പൂഴി വാരുന്നതിനുള്ള അനുമതിയാണ് നല്‍കിയത്. മറുകരയിലുള്ള മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും കൂടാളി ഗ്രാമപഞ്ചായത്തും നല്‍കിയവ കൂടി ഇതില്‍ വരേണ്ടതുണ്ട് . ഇതു കൂടാതെ അധികൃതരുടെ ഒത്താശയോടെയും അല്ലാതെയും അനധികൃതമായ മണല്‍വാരലും നടക്കുന്നതായി പരിസര വാസികള്‍ പറയുന്നു. ഇത് നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളുണ്ടെങ്കിലും പോലീസും പഞ്ചായത്തധികൃതരും ഈ പ്രശ്നം കൂടുതല്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതേ രീതിയിലും ഇതിലും കൂടുതലും പുഴയുടെ തീപത്തുള്ള എല്ലാ പ്രദേശങ്ങളിലും നടക്കുമ്പോള്‍ വളപട്ടണം പുഴയും അതിന്റെ ജൈവ വൈവിധ്യവും നാശത്തിന്റെ വക്കിലാണ്. പുഴയിലുടനീളം ഞങ്ങള്‍ക്ക് കാണാനായത് പൂഴി വാരിയുണ്ടായ നിരവധി കുഴികളും അടിഭാഗത്തെ നിരന്ന പാറകളുമാണ് . പുഴയോര മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഇടയില്‍ നിന്ന് മണല്‍ ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്തതിനാല്‍ നിലം പൊത്തിയതും നിലം പൊത്താറായതുമായ നിരവധി മരങ്ങളും സസ്യങ്ങളും അങ്ങിങ്ങ് കാണാം .വിശാലമായ മണല്‍ പരപ്പിന് പകരം ഉപേക്ഷിച്ച കല്ലുകളുടെ കൂമ്പാരമാണ് മിക്കയിടത്തും പരന്ന് കിടക്കുന്നത്.



2.മലിനീകരണം
a)ഓവുചാലുകളും മാലിന്യ നിക്ഷേപവും
ജലത്തിന്റെ ഗുണനിലവാരം പരീക്ഷണം സൂചിപ്പിക്കുന്നത് പുഴയിലെ ജലം ഗുരുതരമായ മലിനീകരണം നേരിടുന്നു എന്നാണ്. ടൗണില്‍ നിന്നുള്ള ഒട്ടേറെ ഓവുചാലുകള്‍ നേരിട്ട് പുഴയില്‍ എത്തുന്നു. ഹോട്ടല്‍ മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും യാതൊരു ശുദ്ധീകരണപ്രക്രിയക്കും വിധേയമാതെ നേരിട്ട് പുഴയില്‍ പതിക്കുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ഹോട്ടല്‍ മാലലിന്യങ്ങളും കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പുഴയില്‍ എത്തുന്നു. ഇത്തരം പ്രദേശങ്ങളിലെ ജലസാമ്പിളുകള്‍ നൈട്രജന്റെയും ബാക്ടീരിയയുടേയും ആധിക്യം കാണിച്ചിട്ടുണ്ട്. പതിനായിരങ്ങളുടെ ജലസ്രോതസ്സിനാണ് ഇത് ദോഷം വരുത്തുന്നത്.
b)അറവുശാലകള്‍
പഠന വിധേയമാക്കിയ പുഴയുടെ തീരത്ത് മൂന്ന് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നുള്ള മാലിന്യങ്ങളും പുഴയില്‍ പതിക്കുന്നു. വേനല്‍ക്കാലത്ത് ജലത്തിന് ദുര്‍ഗന്ധം ഉണ്ടാവുന്നു.
c)പ്ലാസ്റ്റിക് മാലിന്യങ്ങള്‍
വേനല്‍ക്കാലാരംഭത്തില്‍ നിരീക്ഷണം നടത്തിയപ്പോള്‍ വിശാലമായ ഇരുകരകളിലും പുഴയിലും ഉള്ള മുഴുവന്‍ സസ്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് അലംകൃതമായിരുന്നു. ജനങ്ങള്‍ തിങ്ങി പാര്ക്കുന്ന പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന പുഴ എല്ലായിടത്തെയും പ്ലാസ്റ്റിക്ക് കാരി ബാഗുകളും പേക്കറ്റുകളും വഹിച്ചു കൊണ്ടാണ് ഒഴുകുന്നത്. വളരെ അരോചകമായ ഈ കാഴ്ച ജലത്തന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. പ്ലാസ്റ്റിക്ക് മണ്ണിനും പരിസ്ഥിതിക്കും ചെയ്യുന്ന ദോഷങ്ങള്‍ വലുതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വ്യ ക്തികളും ഈ പ്രശ്നം തടയാന് ഒന്നും ചെയ്യുന്നില്ല.



d)തോട്ട പൊട്ടിച്ചുള്ള മല്‍സ്യം പിടിക്കല്‍
പുഴയുടെ പല ഭാഗങ്ങളിലും വ്യാപകമായ രീതിയില്‍ തോട്ട പെട്ടിച്ചും ന‍‍ഞ്ഞ് കലക്കിയും മീന്‍ പിടിക്കുന്നത് വ്യാപകമാണ്. ഇത് ജീവജാലങ്ങളെ മൊത്തത്തില്‍ നശിപ്പിക്കുന്നതോടൊപ്പം കുടിവെള്ളത്തെ വിഷമയമാക്കുകയും ചെയ്യുന്നു.
e)വാഹനങ്ങള്‍ കഴുകുന്നത്
ഇരിക്കൂര്‍ പുഴ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വാഹനങ്ങള്‍ പുഴയിലിറക്കി കഴുകുന്നതാണ്. ഓരോ തവണയുള്ള പുഴ സന്ദര്ശനത്തിലും രാപകല്‍ ഭേദമില്ലാതെ പുഴയിലിറക്കി കഴുകുന്ന നിരവധി വാഹനങ്ങളെയാണ് കണ്ടത്. ഇവ പൂര്‍ണ്ണമായും ജലത്തിറങ്ങി കഴുകുന്നതില്‍ ഓയിലിന്റെ അംശവും എണ്ണയും ജലത്തില്‍ കലരുന്നു. ഇത് ജലജീവികളെ ബാധിക്കുന്നു. കുളിക്കാനും അലക്കാനും വരുന്നവര്‍ക്ക് ഇത് ദോഷം ചെയ്യുന്നു.
f)മനുഷ്യവിസര്‍ജ്ജ്യങ്ങള്‍
ധാരാളം പരിസരവാസികള്‍ മലവിസര്‍ജനത്തിന് പുഴയുടെ തീരങ്ങളെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിസരം മലിനമാകുന്നതോടൊപ്പം ഇത് ജലത്തെ ബാധിക്കുകയും രോഗങ്ങള്‍ പടര്ന്ന് പിടിക്കാനുള്ള സാധ്യ ത കൂടുകയും ചെയ്യുന്നു. വ്യ ക്തിപരമായ ശുചിത്വബോധത്തോടപ്പം സാമൂഹ്യശുചിത്വത്തിന്റെ കൂടി ആവശ്യ കത യിലേക്കാമ് ഇത് വിരള്‍ ചൂണ്ടുന്നത്.
g)ഡിറ്റര്‍ജന്റുകള്‍
നൂറുകണക്കിനുപേര്‍ അലക്കാന്‍ പുഴയെ ഉപയോഗിക്കുമ്പോള്‍ അവരുപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളുടെ അംശം ജലത്തിലെത്തുന്നു. വിഘാടന വിധേയമായമല്ലാത്ത ഇവ ജലത്തിന്റെ രാസ ഘടനയില്‍ വ്യ ത്യാസം വരുത്തുന്നു. മല്‍സ്യങ്ങളെയും മറ്റും ബാധിക്കുന്നു. ശക്തിയേറിയ ഡിറ്റര്‍ജന്റുകളാണ് പലരും ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന്റെ ഗുണത്തെ ദോഷകരമായി ബാധിക്കുന്നു.മുന്‍ വര്‍ഷങ്ങളില്‍പുഴയില്‍ ധാരാളം മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതായി സമീപവാസികള്‍ പറയുന്നു.

3.ജലക്ഷാമം
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പുഴയില്‍ മഴക്കാലത്ത് വെള്ളപൊക്കവും വേനലില് ജലക്ഷാമവും സ്ഥിരമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരെഴുക്ക് പലകാരണങ്ങളും കൊണ്ട് തീരെ കുറയുന്നതോടപ്പം ഉള്ള ജലം മുഴുവന്‍ പഴശ്ശി റിസര്‍വ്വോയറില്‍ ശേഖരിക്കപ്പെടുകയാണ്. ഇത് ഇരിക്കൂര്‍ പോലെ,പദ്ധതിക്ക് താഴെയുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യ ത്തിനു കാരണമാവുന്നു. വേനലിന്റെ മൂര്ധന്യ ത്തില്‍ തീരെഴുക്ക് ചിലയിടങ്ങളില്‍ മുറിഞ്ഞു തുടങ്ങിയതായി പരിസരവാസികള്‍ പറയുന്നു.
വളപട്ടണം പുഴയെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികളാണ് പുഴയില്‍ അങ്ങോളമിങ്ങോളം ഉള്ളത്.പലതും പാതിവഴിയിലും തുടങ്ങിയേടത്തും നില്ക്കുന്നു.ജപ്പാന്‍ സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത്തായ പട്ടുവം കുടിവെള്ളപദ്ധതി ഏറ്റവും കൂടുതല്‍ ജലം പുഴയില്‍ നിന്നും കൊണ്ട്പോകുന്ന പദ്ധതിയായിരിക്കും.ജലഅതോറിറ്റിയും എന്‍ജിനിയര്‍മാരും എന്തെക്കെപ്പറഞ്ഞാലും നാട്ടുകാരും പരിസ്ഥി പ്രവര്‍ത്തകരും ഈ പദ്ധതിയുടെ വിജയത്തിനെക്കുറിച്ച് സംശയാലുക്കളാണ്. അ‍ഞ്ചുമാസം മാത്രം റിസര്‍വോയറില്‍ സംഭരിക്കുന്ന ജലം ഇത്രയും കൂടിയ അളവില്‍ തുടര്‍ച്ചയായി പമ്പുചെയ്യാനോ വിതരണംചെയ്യാനോ സാധിക്കുമോ? ഈ അളവില്‍ ജലം കൊണ്ടുപോയാല്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്കും മറ്റ് ചെറുകിടപദ്ധതികള്‍ക്കും വേണ്ട ജലം എല്ലാകാലത്തും ലഭ്യ മാവുമോ? വേനല്‍കാലങ്ങളില്‍ പൊതുവേ ദുര്ബ്ബലമായ നീരൊഴുക്ക് തീര്‍ത്തും നിലച്ച് ഈ പുഴ മരിക്കുമോ? വന്‍കിട പദ്ധിതകള്‍ക്കുപകരം തദ്ദേശീയമായ ചെറുകിട പദ്ധതികളല്ലേ ലാഭകരം? എന്നിവയൊക്കെയാണ് ഇവരുടെ ചോദ്യങ്ങള്‍. പതിവുപോലെ സാധാരണക്കാരുടെ ഇത്തരം ആശങ്കകള്‍ക്ക് ആരും മറുപടി പറയുന്നില്ല. പുഴയിലെ ജലത്തിന്റെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളിലൊന്ന് ഇരിക്കൂര്‍ പഞ്ചായത്തായിരിക്കുമെന്നുള്ള കാര്യം തീര്‍ച്ച.



4.ജൈവ വൈവിധ്യ ത്തിന്റെ നാശം
സജീവവും സ്വയംലഭ്യാപ്തവുമായ ഒരു ആവാസവ്യവസ്ഥയാണ് പുഴ.സസ്യങ്ങളും ജന്തുക്കളും ജലവും മണ്ണും മണവും ഒക്കെ ഇതിന്റെ ഭാഗങ്ങളാണ്. പുഴ പുഴയുടെ തീരെത്തെ പുറമ്പോക്ക ഭൂമിയും ജൈവ വൈവിദ്യ ത്തിന്റെ കേന്ത്രങ്ങളാണ്. ഭരണസംവിധാനങ്ങളുടെ സജീവമായ മേല്നോട്ടമില്ലാത്തതിനാല്‍ സസ്യങ്ങളും മറ്റും അധികൃതമായിമുറിച്ചു കൊണ്ടുപോവുന്നു.മറ്റിടങ്ങളില്‍ നിരവധി പുഴയോര മരങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ട്. ഇവയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേമ്ടതുണ്ട്. പുഴയിലുള്ള വഞ്ഞികള്‍ വ്യാപകമായി മുറിച്ചു കടത്തുന്നുണ്ട്. മണലിനെ പിടിച്ചു നിര്‍ത്തുന്നതിനും ജലജീവികളുടെ നിലനില്‍പ്പിലും കാര്യ മായ പങ്കുണ്ട്.